Reports

ക്ലാസിക്കൽ ചിത്ര-ശില്പ കലയിലും, മറ്റു കലാരൂപങ്ങളിലും തനിക്കു ചുറ്റുമുള്ള യഥാർഥ ജീവിതത്തെ കാണാതെ അസ്വസ്ഥരായവർ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ തുടങ്ങി വച്ച മിനിമലിസം (minimalism) പിന്നീട് സംഗീതത്തിലും ചലനങ്ങൾ സൃഷ്ഠിച്ചു. അത് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു യാത്രയായിരുന്നു. നിബന്ധനകൾ ഭേദിച്ച്, കീഴ്വഴക്കങ്ങളെ പുറം കാലുകൊണ്ട് തട്ടി തെറിപ്പിച്ചു, സർഗാത്മകതയുടെ ഭൂമികയിലേക്കുള്ള ഒരു സ്വതന്ത്ര യാത്ര. ഏതാണ്ട് ഇതേ കാലത്തു തന്നെ ഉരുത്തിരിഞ്ഞു വന്ന പോപ്പ് ആർട്ട് (pop art), സാംസ്കാരങ്ങളുടെ ജനപ്രിയ കാഴ്ചകളെ/ദൃശ്യങ്ങളെ ചിത്രകലയിൽ സന്നിവേശിപ്പിച്ചു. ഈ രണ്ടു കലാ സമ്പ്രദായങ്ങളും പോസ്റ്റ്-മോഡേണിസത്തിന്റെ (post-modernism)വരവിനുള്ള വഴി ഒരുക്കി. മോഡേൺ ആർട്ടിന്റെ(modern art) പിൻഗാമി എന്ന് വിവക്ഷിക്ക പ്പെടുന്ന പോസ്റ്റ് മോഡേണിസം, കണ്ടമ്പറ റി (contemporary-സമകാലീന) ആർട്ടിന്റെ മറ്റൊരു പേരായും പലരും ഉപയോഗിക്കുന്നു. സമകാലികം എന്നു കാലത്തിലെ ഒരു ഖണ്ഡത്തെ പ്രത്യക്ഷത്തിൽ വിളിക്കാമെങ്കിലും, ചലനാത്മകമായ ഒരു കാലഘട്ടത്തെയും, ആ കാലഘട്ടത്തിൽ ഉരുത്തിരിഞ്ഞ കലയിലെ ഒരു സമ്പ്രദായത്തെയും വിളിക്കുവാൻ അതുപയോഗിക്കുന്നു. തുടക്കം ഒരുപക്ഷേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലേക്കു പോലും വലിച്ചു നീട്ടാമെങ്കിലും, തുടക്കത്തെ അപ്രധാനമായി കണ്ടുകൊണ്ടു, ജീവസ്സുറ്റ വർത്തമാന കാലത്തിലെ സ്വതന്ത്രമായ കലാചര്യകളെ വിവക്ഷിക്കുവാൻ ഇതുപയോഗിക്കുന്നു. 'സ്വതന്ത്രം' എന്ന പ്രയോഗത്തിൽ മാധ്യമവും, ആശയവും, ഉൾപ്പെടുന്നു. അതേപോലെ തന്നെ സാമ്പ്രദായിക കീഴ് വഴക്കങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന് പ്രാധാന്യവും നൽകുന്നു. സമകാലീന കലയിലൂടെ കലാകാരൻ കഴിഞ്ഞ പത്തു ദശകങ്ങളിലെ സാമൂഹിക, രാഷ്ട്രീയ, സാങ്കേതിക നിലപാടുകളെയും, മാറ്റങ്ങളെയും പറ്റി സംവദിക്കുകയും, സമൂഹത്തിൽ നിലനിൽക്കുന്ന മൂല്യങ്ങളെയും, ധാരണകളെയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. നിലവിലുണ്ടായിരുന്ന സൗന്ദര്യ ശാസ്ത്ര സിദ്ധാന്തങ്ങൾക്ക് ബദൽ സിദ്ധാന്തങ്ങളുമായാണ് സമകാലീന കല ഉയർന്നു വന്നത്. പരമ്പരാഗത കലാകാരന്മാരെ അപേക്ഷിച്ചു തനിക്കു ചുറ്റുമുള്ള സാമൂഹിക പ്രശ്നങ്ങളെ ശക്തമായി പ്രതിഫലിപ്പിക്കുന്നതിൽ സമകാലീന കലാകാരന്മാർ വളരെ മുന്നിലാണ്. സമകാലീന കല ആവശ്യപ്പെടുന്നത്, തുറന്ന മനസ്സുമായി കലാസൃഷ്ടിയോടൊപ്പം സഞ്ചരിക്കുവാനാണ്. ഈ സഞ്ചാരം ആസ്വാദനത്തിനപ്പുറം ചിന്താപരമായ പ്രക്ഷുബ്ധതയ്‌ക്കു  വഴി തെളിക്കുന്നു എന്നതും, സാമൂഹികമായി നിലനിൽക്കുന്ന വ്യവസ്ഥകളെ വിശകലനം ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്നതും ഇതിന്റെ വിജയമാണ്. ബോക്സിങ് ഡേ പോലുള്ള ഒരു അവധി ദിവസം ഒരു പഠന-ചർച്ചയ്ക്കുള്ള അവസരമല്ല എന്ന ധാരണ മാറ്റി മറിക്കുന്നതായിരുന്നു ഇന്നത്ത ഒത്തുചേരൽ. തന്റെ കലാ പ്രദർശനങ്ങളുടെ മദ്ധ്യത്തിൽ ഇരുന്നുകൊണ്ട് കലയിലെ ഇസങ്ങളിലൂടെ ജോസ് ഞങ്ങളെ നയിച്ചു. ഇസങ്ങളിലെ പ്രഗത്ഭന്മാരെ പരിചയപ്പെടുത്തി. ചർച്ചയിൽ സാമൂഹക, രാഷ്ട്രീയ, സാങ്കേതിക സാഹചര്യങ്ങൾ വിശകലനം ചെയ്യപ്പെട്ടു. അന്തരിച്ച നടൻ ജഗന്നാഥ വർമ്മയേയും, സംഗീതജ്ഞൻ ജോർജ് മൈക്കിളിനെയും സ്മരിച്ചു. ഒരു കട്ടൻ കാപ്പിക്ക് ഇത്രയും ലഹരിയോ! (Report - 26.12.2016 - Bow - London)

View Related Article

'കട്ടൻ കാപ്പിയും കവിതയും' കൂട്ടായ്മയുടെ 'ശരത് സംഗമം 2016' (27.11.2016) കവിതകളാൽ സമൃദ്ധമായിരുന്നു, ചിന്തകളാൽ സമ്പുഷ്ടമായിരുന്നു. ദിവംഗതരായ Dr. ബാല മുരളീ കൃഷ്ണയെയും ഫിദൽ കാസ്ട്രോയെയും അനുസ്മരിച്ചു. ഛായ കയ്യെഴുത്തു പ്രസിദ്ധീകരണത്തിന്റെ ആറാം ലക്കം MAUK ഡയറക്ടർ ബോർഡ് അംഗം K G നായർ പ്രകാശനം ചെയ്തു.വിദ്യാഭ്യാസ കാലത്തെ സമാനമായ ഓർമ്മകൾ ഉണർത്തിയ ഒന്നാണ് ഛായ യുടെ പ്രകാശനം എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനൽ നിന്നും കയ്യെഴുത്തു പ്രതി സ്വീകരിച്ചു കൊണ്ട് ചലച്ചിത്ര സംവിധായകനും രചയിതാവുമായ കനേഷ്യസ് അതിപൊഴിയിൽ തന്റെ അനുഭവങ്ങൾ വിവരിച്ചു. 2015 ൽ പ്രവാസി മലയാളികൾക്കായി നടത്തിയ കാവ്യ രചനാ മത്സരത്തിൽ വിജയിയായ K ഹാഷിമിനു ഈ കൂട്ടായ്മയുടെ സജീവ സാന്നിധ്യമായ ഫ്രാൻസിസ് ആൻജിലോസ് പുരസ്കാരം നൽകി. ഹാഷിം പിന്നീട് തന്റെ സമ്മാനിതമായ 'ഇമിഗ്രേഷൻ' എന്ന കവിത അവതരിപ്പിക്കുകയുണ്ടായി. പിന്നീട് നടന്ന കാവ്യ സപര്യയിൽ പതിനെട്ടു പേർ കവിതകൾ അവതരിപ്പിച്ചു. അതിൽ ചിലർ സ്വന്തം കവിതകൾ ആണ് അവതരിപ്പിച്ചത്. പതിവുപോലെ വട്ടം കൂട്ടിയിരുന്നുള്ള വേദിയിൽ എഴുത്തിനെ പറ്റിയും, ആസ്വാദകരെ പറ്റിയും, ബന്ധപ്പെട്ട സാമൂഹിക അവസ്ഥകളെ പറ്റിയും ചർച്ച ഉണ്ടായി എങ്കിലും സമയ പരിമിതി കാരണം ചർച്ചകൾ വളരെ ഏറെ ചുരുക്കേണ്ടി വന്നു. കവിത ചിന്തയുടെ ഉല്പന്നമാണ്. അതുകൊണ്ടു തന്നെ, ജീവിതത്തിന്റെ തിരക്കിൽ ഘടികാര സൂചിക്കൊപ്പം ഒരു പദാർത്ഥമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നവർക്കു നേരെ പിടിക്കുന്ന കണ്ണാടിയാണ് കവിത. അതു മനുഷ്യരെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. പങ്കെടുത്തവർക്കും, സാഹചര്യങ്ങളുടെ പ്രതികൂലാവസ്ഥ കാരണത്താൽ എത്തിപ്പെടാൻ കഴിയാതിരുന്ന, അടുത്തും അകലയും ഉള്ള സുഹൃത്തുക്കൾക്കും നന്ദി. സമാനതകളില്ലാത്ത ഈ സൗഹൃദത്തിലെ വിലപ്പെട്ട കണ്ണികളായി നമുക്കു തുടരാം. തുടർന്നും സഹകരിക്കുക. ചിന്താപരമായ സംഭാവനകൾ പ്രദാനം ചെയ്യുക.

Related article

Report - 28.06.2016 ജോസിനോട് നന്ദിയുണ്ട്, ചക്രം വീണ്ടും ചലിപ്പിച്ചു തുടങ്ങിയതിന്. ഇന്നലത്തെ (28.06.2016)  ഒത്തു ചേരൽ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. കവി സച്ചിദാനന്ദനുമായി സംസാരിച്ചു എന്നതിനുപരിയായി അദ്ദേഹത്തിന്റെ പത്തോളം കവിതകൾ പാരായണം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ സാഹിത്യോപരിയായി ചർച്ചകൾ നീട്ടി ക്കൊണ്ടു പോവുകയും ചെയ്തു. മുരുകേഷ് ഉന്നയിച്ച ചോദ്യങ്ങൾ ചർച്ചയെ പുതിയ ദിശകളിലേക്ക് നയിക്കാൻ സഹായിച്ചു. ചിത്രകലയിലും, തത്ത്വചിന്തയിലും, സാഹിത്യത്തിലും ഉണ്ടായ Deconstruction സങ്കേതം, ഉദാഹരണങ്ങൾ സഹിതം വിശകലനം ചെയ്യാൻ സാധിച്ചത് തൃപ്തി പകരുന്ന അനുഭവ മായിരുന്നു. ജിദ്ദു കൃഷ്ണ മൂർത്തി, ജാക്യുസ് ദെരീദ, റെനെ മഗ്രിട്ടെ (this is not a pipe), ഒടുവിൽ കവി സച്ചിദാനന്ദൻ എന്നിവരുടെ ഈ സാങ്കേതത്തിലുള്ള സംഭാവനകൾ വിലയിരുത്തി. കവിയുടെ മുൾച്ചെടി (cactus), അവസാനത്തെ നദി, കുട, ഹരിതം, ഗാന്ധിയും കവിതയും, നിന്നിലേക്ക്‌ പ്രവേശിക്കുമ്പോൾ, തുടങ്ങിയ കവിതകൾ ഞങ്ങളിലേക്ക് ഒഴുകിയെത്തി. സാഹിത്യത്തെ സാമൂഹിക പശ്ചാത്തലത്തിൽ വിശകലം ചെയ്യാൻ സുഗതൻ എപ്പോഴും തയാറായിരുന്നു. ഏറ്റവും വലിയ പ്രത്യേകത, പൊതുവെ നിശബ്ദരായിരുന്നവർ കവിത വായിച്ചു തുടങ്ങി, അഭിപ്രായങ്ങൾ പറഞ്ഞു തുടങ്ങി എന്നതാണ്. അതിനു മനസ്സു കാണിച്ച കൂട്ടുകാരികൾക്ക്‌ നന്ദി. ചെറുതെങ്കിലും പുതിയ തലമുറയുടെ പ്രതിനിധികൾക്കും നന്ദി. ഈ പന്തം ഏറ്റു വാങ്ങേണ്ടത് നിങ്ങളാണ്! 'അവസാനത്തെ നദിയിലെ' കുട്ടിയെപ്പോലെ, മാന്ത്രിക മണിമുഴക്കി, മഴ പെയ്യിക്കേണ്ടത് നിങ്ങളാണ്; നദിയെ സ്നേഹം കൊണ്ടു തണുപ്പിക്കേണ്ടത് നിങ്ങളാണ്, ഉറങ്ങിപ്പോയ ഘടികാരങ്ങളെ വീണ്ടും ചലിപ്പിക്കേണ്ടത് നിങ്ങളാണ്. ഇതു ഞങ്ങളുടെ പ്രതീക്ഷയാണ്! ജൂണിലെ അടുത്ത കൂട്ടായ്മ ചർച്ച ചെയ്യുന്നു - ജനാധിപത്യത്തിന്റെ ഇടനാഴികൾ -

കവിത: ഹരിതം

ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഇടത്തിൽ നിന്നുകൊണ്ട് തന്നെ ആദ്യന്തം കലോപാസന ചെയ്തതും, നാടൻ പാട്ടുകൾക്ക് വലിയ ഒരു ആസ്വാദക വൃന്ദത്തെ സൃഷ്ടിക്കാൻ കഴിഞ്ഞതും മലയാളികൾ ഒരുപാടു സ്നേഹിച്ച കലാകാരനായിരുന്ന കലാഭവൻ മണിയുടെ ശ്രദ്ധേയമായ പ്രത്യേകതകളായിരുന്നു. ഇന്നലെ നടന്ന അനുസ്മരണ ചടങ്ങിൽ പലരും ഇക്കാര്യം ഊന്നി പറഞ്ഞു. സമ്പന്നതയുടെ ആട്ടവിളക്കിനു മുന്നിൽ നിന്നും കലയെയും സാഹിത്യത്തെയും ശാസ്ത്രത്തെയും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഇടങ്ങിളിലേക്ക് പറിച്ചു നട്ട പ്രശസ്തരായ മലയാളികളെയും ഈ ചടങ്ങിൽ സ്മരിച്ചു. കുഞ്ചൻ നമ്പ്യാർ, ചങ്ങമ്പുഴ, കാഥികനായിരുന്ന സാംബശിവൻ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്നണി പ്രവർത്തകനായിരുന്ന Dr.ഇക്ബാൽ എന്നിവരുടെ പ്രവർത്തനങ്ങളെ പ്പറ്റി പ്രതിപാദിച്ചു. നാട്ടറിവിന്റെ ഭാഗമായ നാടൻ പാട്ടുകളുടെ പ്രസക്തി, അതു നില നിന്നിരുന്ന സാമൂഹിക പശ്ചാത്തലം, നാടൻ പാട്ടുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന കലാരൂപങ്ങൾ, മിത്തുകൾ എന്നിവയും ചർച്ചാ വിഷയമായി. നാടൻ പാട്ടുകളും, മണിയുടെ ഗാനങ്ങളും സംഘമായി ആലപിച്ചതു അന്തരിച്ച കലാകാരനുള്ള ആദരമായി.  ചടങ്ങിൽ മുരുകേഷ് പനയറ, കനഷ്യസ് അതിപൊഴിയിൽ, ശശി കുളമട, ജൈസൺ ജോർജ്, സിന്ധു സതീഷ്‌, സജീന്ദ്രൻ, മുരളി മുകുന്ദൻ  എന്നിവർ സംവദിക്കുകയുണ്ടായി. സുധീർ നന്ദി പ്രകടിപ്പിച്ചു. 

Sat 19 March 2016 - 6.30pm - Kerala house

View related event

'നിങ്ങളാവശ്യപ്പെട്ട ഗാനങ്ങൾ' അന്വർഥമാക്കിക്കൊണ്ട് മലയാളത്തിന്റെ പ്രിയ ഗായകൻ കണ്ണൂർ ഷെരിഫ് അവതരിപ്പിച്ച സംഗീതമേള സദസ്യരെ ഗൃഹാതുരത്വത്തിന്റെ വഴികളിലൂടെ ഏറെ ദൂരം കൈ പിടിച്ചു നടത്തി. മാപ്പിളപ്പാട്ടുകളുടെ സുൽത്താൻ, തനിക്ക് എല്ലാ ഗാനങ്ങളും അനായാസമായി വഴങ്ങും എന്ന് തെളിയിച്ച വേദിയിൽ സെമിക്ലാസ്സിക്കൽ, ഫാസ്റ്റ്, ഹാസ്യ, ഗസൽ,  പ്രണയ-ശോക-ഭക്തി ഗാനങ്ങൾ തുടർച്ചയായി അവതരിപ്പിച്ചു മുക്തകണ്ഠം പ്രശംസ നേടി. 60-70 കാലഘട്ടങ്ങളിലെ, ശ്രവ്യ ഭംഗികൊണ്ടും അർത്ഥ  സമ്പുഷ്ടി കൊണ്ടും മികച്ച  മലയാള ചലച്ചിത്ര ഗാനങ്ങൾക്കൊപ്പം മുഹമ്മദ്‌ റാഫി, കിഷോർകുമാർ എന്നിവരുടെ ഹിന്ദി ഗാനങ്ങളും അവതരിപ്പിച്ചു. മലയാളി അസോസിയേഷൻ ഓഫ് ദി UK (mauk.org) യുടെ സംഗീത ട്രൂപ് ആയ 'നിസരി' യും  'കട്ടൻ കാപ്പിയും കവിതയും' ഒത്തു ചേർന്നാണ് ഈ അവിസ്മരണീയമായ കലാവിരുന്ന് ഒരുക്കിയത്. ബാബുരാജിന്റെയും, രാഘവൻ മാസ്റ്ററുടെയും ഏറെ ഗാനങ്ങൾ അവതരിപ്പിച്ച തോടൊപ്പം ബോംബെ രവിയുടെയും, ദേവരാജന്റെയും,  രവീന്ദ്രന്റെയും, ശ്രദ്ധേയമായ ഗാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഷെരിഫി നോടൊപ്പം 'നിസരി' യുടെ ഗായകരായ രാജേഷ്‌ രാമൻ, ശ്രേയ സുനിൽ എന്നിവരും, ഉപകരണങ്ങളുമായി അൽബർട്ട് വിജയൻ, വിനോദ് നവധാര, വരുണ്‍ മയ്യനാട്, ഷിനോ തോമസ്‌  എന്നിവരും വേദി പങ്കിട്ടു. സ്ഥിരം ഗാനമേള എന്നതിലുപരി, പ്രേക്ഷകരുമായി സംവദിച്ചു കൊണ്ടാണ്  ഈ ആസ്വാദനമേള അവതരിപ്പിച്ചത് എന്നത് അനുകരണീയമായ ഒരു പ്രത്യേകതയായി പലരും എടുത്തു പറഞ്ഞു. ലാളിത്യത്തിന്റെ മഹനീയ ഉദാഹരണമായ ഷെരിഫ് ആലാപനത്തിനിടയിൽ തന്റെ സംഗീത യാത്രയിൽ താൻ കണ്ട ദൃശ്യങ്ങളും കേട്ട കഥകളും പങ്കുവെച്ചത് മറ്റൊരു പ്രത്യേകതയായിരുന്നു.   അറിവിന്റെയും ആസ്വാദനത്തിന്റെയും വഴിയിലൂടെ സഞ്ചരിച്ചു 'കട്ടൻ കാപ്പിയും കവിതയും' എന്ന അനൗപചാരിക കൂട്ടായ്മ അഞ്ചാം സംവത്സരത്തിൽ എത്തി നില്ക്കുന്നു. സാഹിത്യ, സാഹിത്യേതര വിഷയങ്ങൾ ചർച്ച ചെയ്യുന്ന തുറന്ന വേദികളാണ്  ഈ സംരംഭം സാധാരണയായി എല്ലാ മാസവും ഒരുക്കുന്നത്. അംഗവരിയോ, സംഘടനാ ചട്ടക്കൂടുകളോ, മത രാഷ്ട്രീയ ചായ്വുകളോ ഇല്ലാത്ത ഈ സംരംഭം mauk യുടെ സഹായത്തോടെ സന്നദ്ധപ്രവർത്തകർ നയിക്കുന്നു. സമാന മനസ്കർക്ക്  എപ്പോഴും കടന്നു വരാവുന്ന ഈ വേദികൾ സ്വതന്ത്ര ചിന്തക്ക് പ്രാമുഖ്യം നല്കുന്നു. കൂടുതൽ വിവരങ്ങൾക്ക് kattankaappi.org   {gallery}sherif{/gallery}

View related event

ഭൂമിയുടെ അവകാശികൾ ഈ തലമുറയിലെ മനുഷ്യർ  മാത്രമാണെന്നു ധരിച്ചു പോകുന്നതു കൊണ്ടാവാം പരിസ്ഥിതി തകിടം മറിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളിൽ മനുഷ്യൻ മുഴുകുന്നത്. ഇതു വികസനമല്ല, മറിച്ചു വരും തലമുറകളോടും ഇതര ജീവജാലങ്ങളോടുമുള്ള ദ്രോഹമാണ് . സുഗത കുമാരിയുടെ 'പശ്ചിമ ഘട്ടം' മണമ്പൂർ സുരേഷ്  അവതരിപ്പിച്ച ശേഷ മുണ്ടായ  ചർച്ചയിൽ  ഉരുത്തിരിഞ്ഞു വന്നത്  മേലുദ്ധരിച്ച ആശയങ്ങളായിരുന്നു. വയനാടൻ കാടുകൾ കത്തി അമർന്നപ്പോൾ ചാരമായി മാറിയ ജീവനുകൾക്കു പകരം വയ്കാൻ മറ്റൊന്നില്ല എന്നും ഇതോടൊപ്പം ഓർക്കേണ്ടതാണ്. കുറേ നാളുകൾക്കു ശേഷം കട്ടൻകാപ്പിയിൽ C V ബാല കൃഷ്ണന്റ കഥ വീണ്ടും പരാമർശ വിഷയമായി. 'അതെ, ഒരു പ്രഹേളിക' എന്ന കഥ ഫ്രാൻസിസ് അൻജിലോസ്  അവതരിപ്പിച്ചപ്പോൾ മാറിവരുന്ന സ്ത്രീ പുരുഷ ബന്ധങ്ങളുടെ യഥാർത്ഥ ചിത്രമായി മാത്രമേ പലർക്കും അത് അനുഭവപ്പെട്ടോള്ളൂ . അനിയൻ കുന്നത്ത്  സ്വന്തം കവിതയായ 'ഇവളെനിക്കാര്' അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തായ സന്തോഷ് ശിവന്റ ആലാപനത്തിൽ കവിത വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. നാരായണൻ അവതരിപ്പിച്ച 'വേർപാടിന്റ വേദന' എന്ന അനുഭവം, തിളങ്ങുന്ന ഒരു കണ്ടെത്തലായിരുന്നു. അതോടു കൂട്ടി വായിക്കാൻ സ്വന്തം അനുഭവങ്ങൾ നജീബും സിസിലി അന്റിയും മുരളിയും നിരത്തി വച്ചു. സ്കൂൾ കാലഘട്ടത്തിലെ സൗഹൃദങ്ങളായിരുന്നു പ്രധാന പ്രമേയം.

Page 3 of 4

How to add your profile

 1. Create an account
 2. Login to the site
 3. Go to 'submit your profile' form the right, below login form
 4. You will see a new page with many tabs at top
 5. Type your name at the 'Title' field under 'Content' tab
 6. Go to 'Directory' tab at top
 7. Fill everything 
 8. Use 'Save' button at top
 9. Ignore other tabs at top
 10. OR- send all to [email protected]
 11. Edit your profile any time from the list

View Tutorial